ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമധികം ദിവസവേതനം കിട്ടുന്നത് കേരളത്തിലെ നിർമാണ തൊഴിലാളികൾക്കെന്ന് കണക്കുകൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസവേതനം സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തു വിട്ടത്. ജമ്മു കശ്മീരാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
നിർമാണത്തൊഴിലാളികൾക്ക് ഏറ്റവും കുറച്ച് വരുമാനം കിട്ടുന്നത് ത്രിപുര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് കേരളത്തിലെ കൂലി. കേരളത്തിൽ ഒരു നിർമാണത്തൊഴിലാളിയ്ക്ക് ശരാശരി 837.3 രൂപ കൂലി ലഭിക്കുന്നുണ്ടെന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഏറ്റവുമധികം വ്യവസായവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളായ ഗുജറാത്തിലും മഹാരാഷ്ട്രയിലും ദിവസവേതനം കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നിർമാണത്തൊഴിലാളികൾക്ക് ഏറ്റവുമധികം ദിവസക്കൂലിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്‌നാടും ഉൾപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിർമാണത്തൊഴിൽ ചെയ്യുന്നയാൾക്ക് പ്രതിദിനം 837.3 രൂപയാണ് കൂലിയായി ലഭിക്കുന്നത്. എന്നാൽ, 250 രൂപ മാത്രമാണ് ത്രിപുരയിലെ കൂലി. 267 രൂപയാണ് മധ്യപ്രദേശിലെ കൂലി. 296 രൂപയാണ് ഗുജറാത്തിൽ കൂലിയായി ലഭിക്കുക. മഹാരാഷ്ട്രയിൽ 362 രൂപ കൂലിയായി ലഭിക്കുമെന്നും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിൽ 519 രൂപ കൂലിയായി ലഭിക്കും. തമിഴ്‌നാട്ടിൽ 478 രൂപയും ആന്ധ്രാ പ്രദേശിൽ 409 രൂപയും ഹിമാചൽ പ്രദേശിലാകട്ടെ 462 രൂപയുമാണ് ദിവസക്കൂലി.അതേസമയം, ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്കും ദിവസവേതനം നൽകുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ ഗ്രാമങ്ങളിൽ ഒരു തൊഴിലാളിയ്ക്ക് 681.8 രൂപയാണ് ദിവസവേതനം ലഭിക്കുന്നത്. കാർഷിക, കാർഷികേതര മേഖലകളിലും കേരളമാണ് ദിവസവരുമാനത്തിൽ മുന്നിൽ. തൊട്ടുപിന്നിൽ ഹിമാചൽ പ്രദേശ് ആണ്. ഗുജറാത്തും മധ്യപ്രദേശുമാണ് ഗ്രാമീണമേഖലയിൽ ഏറ്റവും കുറച്ച് ദിവസക്കൂലി ലഭിക്കുന്ന സംസ്ഥാനങ്ങൾ.

