തരൂരിന്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗം; കെ മുരളീധരൻ

കോഴിക്കോട്: ജില്ലയിൽ തരൂരിന്റെ പരിപാടിയിൽ നിന്ന് കോൺഗ്രസ് നേതാക്കളെയും യൂത്ത് കോൺഗ്രസിനെയും വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എം പി. പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പാർട്ടി കാര്യമായതിനാൽ പുറത്ത് പറയുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയാനാണ് സാധാരണ അന്വേഷണം നടത്തുന്നത്. ഇവിടെ എന്താ സംഭവിച്ചത് എന്ന് തങ്ങൾക്കൊക്കെ അറിയാം. എന്നോട് എല്ലാ കാര്യവും ഡി സി സി പ്രസിഡന്റ് പറഞ്ഞിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നോക്കണം. ആർക്കും വിലക്കില്ല, പാർട്ടി പരിപാടിയിൽ കോൺഗ്രസിന്റെ ഏത് നേതാവിനെയും പങ്കെടുപ്പിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ക്ഷണിച്ചൊരു പരിപാടിയിൽ നിന്ന് പിന്മാറേണ്ടി വന്നത് ചില സമ്മർദ്ദങ്ങളുടെ ഫലമായാണെന്നും അതെന്താണെന്ന് തനിക്കറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ അത് പബ്ലിക്കായി ചർച്ചചെയ്യാൻ താത്പര്യപ്പെടുന്നില്ല. മര്യാദയ്ക്ക് അല്ലാതെയുള്ള ആലോചനകൾ എല്ലാം ഗൂഢാലോചനയാണ്. തടയിട്ടതിന്റെ ഉദ്ദേശം വേറെ ചിലതാണ്. മുഖ്യമന്ത്രി സ്ഥാനമൊക്കെ ആഗ്രഹിക്കുന്നവർക്ക് ചില പ്രയാസങ്ങൾ ഉണ്ടാവാം.എന്നാൽ എനിക്ക് അങ്ങനെയുള്ള മോഹങ്ങൾ ഒന്നുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.