കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകാൻ കോഴിക്കോട്. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത്. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ കലോത്സവമാണ് കോഴിക്കോട് നടക്കാൻ പോകുന്നത്.
ആകെ 25 വേദികളിലായാവും പരിപാടികൾ നടക്കുക. കലോത്സവ നടത്തിപ്പിനുള്ള സ്വാഗത സംഘത്തെ രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്വാഗത സംഘത്തെ രൂപീകരിച്ചത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി 14,000 ത്തോളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും.
അഞ്ച് ദിവസമാണ് ഇത്തവണ കലോത്സവം നടക്കുന്നത്. അതേസമയം, അടുത്ത വർഷം മുതൽ കലോത്സവ ജേതാക്കൾക്കുള്ള സമ്മാനത്തുക വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

