കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ നശിക്കാതെ ഉദ്യോഗസ്ഥര്‍ നോക്കണം; സുപ്രീം കോടതി

ന്യൂഡൽഹി: കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കേസിന്റെ നടപടി ക്രമങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ കിട്ടിയില്ലെന്നും അതിനാൽ എത്രയും വേഗം കാർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമയായ സ്ത്രീ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. വിചാരണ കോടതിയെയും ഹൈക്കോടതിയെയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും അനൂകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. വാഹനം എത്രയും വേഗം വിട്ടുനൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓകാ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് കാറിൽ സഞ്ചരിച്ചിരുന്ന വ്യക്തിയിൽ നിന്ന് പൊലീസ് ലഹരി വസ്തു പിടികൂടുന്നത്. വാഹനത്തിൽ നിന്ന് ലഹരി കൈവശം വച്ചയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിവ് പോലെ വാഹനവും പൊലീസ് കസ്റ്റഡിയിലായി.

നടപടി ക്രമങ്ങൾ തീരുന്ന കേസുകളിൽ ഉചിതമായ സമയത്ത് വാഹനം വിട്ടുനൽകണമെന്നും വാഹനങ്ങൾ നശിക്കാതെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവോടെ ലഹരിക്കേസിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാനുള്ള അധികാരം മജിസ്‌ട്രേറ്റ് കോടതികൾക്ക് ഇല്ലെന്ന് 2019 -ലെ കേരള ഹൈക്കോടതി ഉത്തരവ് ഇതോടെ റദ്ദാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.