ന്യൂഡല്‍ഹി: മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ തനിക്ക് അധികാരമില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രാദേശികവാദത്തിലൂന്നിയ പ്രസ്താവന ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് പ്രീതി പിന്‍വലിച്ചതെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
‘ആരോപണ വിധേയനായ വ്യക്തി മന്ത്രിസഭയില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുകയെന്ന കടമ മാത്രമാണു ഞാന്‍ ചെയ്തത്’- അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാല്‍ പദവി രാജിവെക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം നിയമപരമല്ലായിരുന്നു. എനിക്കു പറ്റിയ തെറ്റാണ്’- ഭരണഘടനാ പദവി ഉപയോഗപ്പെടുത്തി ആര്‍എസ്എസ് അജന്‍ഡകളാണ് ഗവര്‍ണര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന ആരോപണത്തെ കുറിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.

