കായൽ കയ്യേറി നിർമ്മാണം; ജയസൂര്യയ്ക്ക് കുരുക്ക് മുറുകുന്നു

കൊച്ചി: നടൻ ജയസൂര്യയ്ക്ക് കുരുക്ക് മുറുകുന്നു. ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണം നടത്തിയെന്ന കേസിലാണ് ജയസൂര്യയ്ക്ക് കുരുക്ക് മുറകുന്നത്. കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണയും ഉടൻ ആരംഭിക്കും. ഡിസംബർ 29 ന് ജയസൂര്യ ഉൾപ്പെടെ നാലു പ്രതികകളും മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി കോടതി സമൻസ് അയച്ചിട്ടുണ്ട്.

അതേസമയം, കേസിൽ വിജിലൻസ് ഡിവൈഎസ്പി മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. ജയസൂര്യ കേസിൽ മൂന്നാം പ്രതിയാണ്. ആറു വർഷങ്ങൾക്ക് മുൻപാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്‌പെക്ടർ കെ പി രാമചന്ദ്രൻ നായരാണ് കേസിലെ ഒന്നാം പ്രതി. കൊച്ചി വൈറ്റില സോണൽ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ജി ഗിരജാ ദേവി രണ്ടാം പ്രതിയും ആർക്കിടെക്റ്റായ എൻ എം ജോർജ് നാലാ പ്രതിയുമാണ്.

2005-06 കാലത്ത് ജയസൂര്യയുമായും എൻ എം ജോർജുമായി ക്രിമിനൽ ഗൂഢാലോചന നടത്തി രാമചന്ദ്രൻ നായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഗിരിജാ ദേവി ബിൽഡിങ് പെർമിറ്റും, ഒക്യുപെൻസി സർട്ടിഫിക്കറ്റും, നൽകിയെന്ന് കുറ്റപത്രത്തിൽ വിജിലൻസ് വിശദമാക്കുന്നു. കായൽ തീരത്ത് സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിർമ്മിക്കുന്നതിന് മുൻപും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന് വിജിലൻസ് കണ്ടെത്തി. കെട്ടിടം നിർമ്മിക്കാൻ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടൻ നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയാമ് ജയസൂര്യ നിർമ്മിച്ചതാണെന്ന ആരോപണമാണ് ഉയരുന്നത്.