സാന്‍ഫ്രാന്‍സിസ്‌കോ: 4400 ഓളം കരാര്‍ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ ട്വിറ്റര്‍ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. എലോണ്‍ മസ്‌ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. 5,500 തൊഴിലാളികളില്‍ 4,400 പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജീവനക്കാര്‍ക്ക് അവരുടെ ഔദ്യോഗിക മെയിലുകളിലേക്കും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളിലേക്കുമുള്ള ആക്‌സസ് നഷ്ടപ്പെട്ടതോടെയാണ് അവര്‍ ഇക്കാര്യം മനസിലാക്കിയത്. കമ്ബനിയുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍ ഉടനീളം ഈ ജോലി വെട്ടിക്കുറയ്ക്കലിനെ കുറിച്ച് പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കണ്ടന്റ് മോഡറേഷന്‍, റിയല്‍ എസ്റ്റേറ്റ്, മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ്, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ലോകമെമ്ബാടുമുള്ള ട്വിറ്റര്‍ ഓഫീസുകളില്‍ നിന്ന് 3,700 ഓളം ജീവനക്കാരെ മസ്‌ക് നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കമ്ബനിയിലെ 90 ശതമാനം ജീവനക്കാരെയും അദ്ദേഹം പുറത്താക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ട്വിറ്ററിന് അതിന്റെ മുഴുവന്‍ തൊഴിലാളികളില്‍ പകുതിയിലേറെ പേരെ നഷ്ടപ്പെട്ടു കഴിഞ്ഞു. കണ്ടന്റ് മോഡറേഷനില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് ആള്‍മാറാട്ടം നടത്തുന്നവര്‍, തട്ടിപ്പുകാര്‍, മറ്റ് സൈബര്‍ സുരക്ഷാ ഭീഷണികള്‍ എന്നിവയുടെ സംഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.

