ഹൈക്കോടതിയില്‍ വഞ്ചന കേസിനെതിരെ പാലാ എംഎല്‍എ മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. നാല് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് കോടതി അറിയിച്ചു. കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരന്‍ മുംബൈ വ്യവസായി ദിനേശ് മേനോന്‍ സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷമാണ് കോടതിയുടെ ഇടപെടല്‍.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന്‍ 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്‍ പരാതി നല്‍കിയിരിക്കുന്നത്. മുംബൈ ബോറിവില്ലി കോടതിയില്‍ വച്ച് മാണി സി കാപ്പന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ നേരത്തേ ആരോപിച്ചിരുന്നു. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയില്‍ വച്ച് കേസ് വേഗം സെറ്റില്‍ ചെയ്തില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയും എന്ന് മാണി സി കാപ്പന്‍ പറഞ്ഞുവെന്നായിരുന്നു ആരോപണം.
അതേസമയം, കേസില്‍ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ദിനേശ് മേനോന്റെ പരാതിയില്‍ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രാഥമികമായി കുറ്റങ്ങള്‍ നില നില്‍ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍, ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

