1476 കോടിയുടെ ലഹരിമരുന്ന് കടത്തിയത് ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച്; മലയാളി അറസ്റ്റില്‍

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടറും എറണാകുളം കാലടി സ്വദേശിയുമായ വിജിന്‍ വര്‍ഗീസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം തുടങ്ങി.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈ തുറമുഖം വഴി ഇവര്‍ 198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നുമാണ് കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

കോവിഡ് സമയത്ത്, മന്‍സൂര്‍ മുഖേന വിജിന്‍ ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് മന്‍സൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനനും മന്‍സൂറും ഇതു തുടര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇതെന്നും ഡിആര്‍ഐ വ്യക്തമാക്കി. ലാഭത്തിന്റെ 70% വിജിനും 30% മന്‍സൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു,