ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ. തീവ്രവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തീവ്ര തുർക്കി ഗ്രൂപ്പായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹ്യൂമാനിറ്റേറിയൻ റിലീഫ് എന്ന സംഘടനയുമായി പിഎഫ്‌ഐ നേതാക്കൾ സഹകരിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.
2014 ൽ സിറിയയിലെ ഭീകരർക്ക് ഐഎച്ച്എച്ച് ആയുധങ്ങൾ കടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായും ഇവർ ബന്ധം പുലർത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ എം അബ്ദുൾ റഹ്മാൻ, പി കോയ എന്നിവർക്ക് ഇസ്താംബുളിൽ ഐഎച്ച്എച്ച് സ്വകാര്യ ആതിഥേയത്വം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യൻ സോഷ്യൽ ഫോറം, റിഹാബ് ഇന്ത്യൻ ഫൗണ്ടേഷൻ തുടങ്ങി മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ നേരിട്ടുള്ള പങ്കാളിത്തം സംബന്ധിച്ച ചില സൂചനകളും അന്വേഷണ ഏജൻസികൾക്ക് ലഭ്യമായിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് തുർക്കിയിൽ അടിത്തറ പാകിയത് ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായത്തോടെയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിനായി നൗഷാദെന്ന വിദ്യാർത്ഥിയെ സബഹാറ്റിൻ സൈബ് യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുന്നതിനായി അയച്ചു. ഇയാൾ മുഖേനയാണ് തുർക്കിയിൽ നിന്ന് ധനസമാഹരണം നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്.

