തിരുവനന്തപുരം: മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചാൽ പിറ്റേന്ന് എല്ലാവർക്കും സംരക്ഷണം കൊടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹെൽമറ്റ് ധരിച്ചു ബൈക്കിൽ വന്ന് ബസിനു കല്ലെറിഞ്ഞാൽ എങ്ങനെ പിടിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അക്രമം ഉണ്ടാകുമ്പോൾ പൊലീസിനു ബാലൻസ് ചെയ്‌തേ മുന്നോട്ടു പോകാൻ കഴിയൂ. ഹർത്താൽ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനകീയ സമരത്തെ പൊലീസ് നേരിടുന്നതും ഒളിപ്പോര് നേരിടുന്നതും രണ്ട് തരത്തിലാണ്. ജനങ്ങൾക്ക് പ്രയാസമുണ്ടാകാതിരിക്കാൻ കെഎസ്ആർടിസി ബസുകൾ ഹർത്താൽ ദിനത്തിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നു. അതേസമയം, അതിക്രമം കാണിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കാനം രാജന്ദ്രൻ കൂട്ടിച്ചേർത്തു.

