ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനു കീഴിലെ വനിതാ ജീവനക്കാര്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെയോ നവജാത ശിശുവിന്റെയോ മരണം ഏല്‍പ്പിക്കുന്ന ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ 60 ദിവസ പ്രത്യേക പ്രസവാവധി പ്രഖ്യാപിച്ചു. ചാപിള്ളയാകുന്നതും ജനിച്ച് 28 ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിക്കുന്നതുമായ സാഹചര്യങ്ങള്‍ ഈ അവധിയില്‍ ഉള്‍പ്പെടും. സെപ്റ്റംബര്‍ 2 മുതലാണ് വ്യവസ്ഥകള്‍ പ്രാബല്യത്തിലായത്.
അതേസമയം, രണ്ടില്‍ താഴെ കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കോ മറ്റു മക്കള്‍ ഇല്ലാത്തവര്‍ക്കോ മാത്രമായിരിക്കും ഈ അവധിക്ക് അര്‍ഹത. സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലോ ചികിത്സ തേടണം. അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സ്വകാര്യ ആശുപത്രിയിലും പോകാം.
അതേസമയം, പ്രസവാവധി മുന്‍കൂറായി എടുത്തിരിക്കെ കുഞ്ഞ് മരിക്കുന്ന സാഹചര്യമുണ്ടായാല്‍, നേരത്തെ എടുത്ത അവധി ദിവസങ്ങള്‍ അര്‍ഹതപ്പെട്ട മറ്റേതെങ്കിലും അവധിയില്‍ വകയിരുത്തും. ഇതിനു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. പകരം, കുഞ്ഞ് മരിക്കുന്ന ദിവസം മുതല്‍ 60 ദിവസത്തേക്ക് പ്രത്യേകാവധിയും നല്‍കും. എന്നാല്‍, മുന്‍കാല കേസുകളില്‍ പ്രത്യേക പ്രസവാവധി അനുവദിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

