യുവതലമുറയെയും അദ്ഭുതപ്പെടുത്തിയ പ്രതാപ് പോത്തനെന്ന അതുല്യപ്രതിഭ

42 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെ പ്രേക്ഷകര്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാനായി ഒട്ടവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച അതുല്യപ്രതിഭയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. മലയാളത്തില്‍ മധ്യവര്‍ത്തി സിനിമകളുടെ വക്താവായിട്ടായിരുന്നു പ്രതാപ് പോത്തനെ ആദ്യം പ്രേക്ഷകര്‍ പരിചയപ്പെടുന്നത്.

1978ല്‍ ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ‘ആരവം’ എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്റെ ഏറ്റവും മികച്ച ചിത്രത്തിലൊന്ന് 1979ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ‘തകര’യാണ്. പിന്നീട് ലോറി, ചാമരം, അഴിയാത കോലങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചുവടുറപ്പിച്ചു. മലയാളത്തില്‍ ലഭിച്ചതിലുമേറെ അവസരം പ്രതാപ് പോത്തന് തമിഴിലായിരുന്നു കിട്ടിയത്. ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം, ജീവ, വെട്രി വീഴ, സീവലപെരി പാണ്ടി, ലക്കി മാന്‍ തുടങ്ങി 12 സിനിമകള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി പ്രതാപ് പോത്തന്‍ സംവിധാനവും ചെയ്തു. 1987 ല്‍ പുറത്തിറങ്ങിയ ‘ഋതുഭേദം’ എന്ന ചിത്രമാണ് ആദ്യ സംവിധാന സംരംഭം. ‘സൊല്ല തുടിക്കിത് മനസ്’ എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കി. കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ പ്രതാപ് പോത്തന്‍ അവതരിപ്പിച്ചിട്ടുണ്ട്. തന്മാത്ര, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ യുവതലമുറയെയും അത്ഭുതപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1952ല്‍ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ഊട്ടിയിലും ബിരുദം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായിരുന്നു. മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ ജോലി ചെയ്യവെ നാടകത്തില്‍ സജീവമായി. 1985ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം കഴിച്ചു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം വിവാഹമോചിതനാവുകയും 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്യുകയും ചെയ്തു. 2012 ല്‍ വേര്‍പിരിഞ്ഞ ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.