പാട്ന: ബിഹാറിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ അറസ്റ്റിലായ ജലാലുദ്ദീനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. ജലാലുദ്ദീന്റെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ വരുന്നതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താനാണ് എൻഫോഴ്സ്മെന്റിന്റെ തീരുമാനം.
അതേസമയം, കഴിഞ്ഞ രണ്ട് മാസമായി അന്യ സംസ്ഥാനത്തുള്ളവർ പോലും ഇവിടേക്ക് വരുന്നുണ്ടെന്നും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഹോട്ടലിൽ താമസിക്കുമ്പോഴുമൊക്കെ ഇവർ പേര് മാറ്റുന്നുണ്ടെന്നും പാട്ന എസ്എസ്പി മാനവ് ജിത്ത് സിങ്ങ് ദിലൻ വ്യക്തമാക്കി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ഒരു ഡസനോളം ആളുകൾ ഇവിടേക്ക് എത്തിയതായും പുൽവാരി ഷെരീഫിലാണ് ഇവർ കായികപരിശീലനം നടത്തിയതെന്നും അദ്ദേഹം വിശദമാക്കി.
ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശനത്തിന് മുമ്പ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എട്ട് പേജുള്ള ഒരു ഡോക്യുമെന്റ് കുറ്റവാളികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. ‘ഇന്ത്യ വിഷൻ 2047- ഇന്ത്യയിൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക’ എന്ന തലക്കെട്ടോടെയുള്ള ഡോക്യുമെന്റാണ് കണ്ടെത്തിയത്. സംഘടനയ്ക്കുള്ളിൽ പ്രചരിപ്പിക്കാൻ വേണ്ടിയുള്ളതാണിത്. കുറഞ്ഞത് 10 ശതമാനം മുസ്ലിങ്ങളുടെ പിന്തുണ ലഭിച്ചാൽ തന്നെ തങ്ങളുടെ ലക്ഷ്യം നടപ്പാക്കാൻ സാധിക്കുമെന്ന് ഈ ലഘുലേഖയിൽ പറയുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തെ കീഴടക്കി ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ സാധിക്കുമെന്നാണ് ലഘുലേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്.

