തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം. വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുമന്ത്രി ശ്രീ. ഭൂപേന്ദർ യാദവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇത് സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഇതിനകം കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ള പരിഷ്കരിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുകയും അപ്രകാരം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും വേണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
01.01.1977 ന് മുൻപ് വനഭൂമി കൈവശമുള്ള കുടിയേറ്റ കർഷകർക്ക് 1970.41 ഹെക്ടർ വനഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മാത്രം 6362 കർഷകർക്ക് പട്ടയം നൽകുന്നതിനായി വനം വകുപ്പ് സമർപ്പിച്ച അപേക്ഷയാണ് കേന്ദ്ര സർക്കാരിന്റ അനുമതിയ്ക്കായി നിലവിലുള്ളത്.
അതേസമയം, ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും (എജി) മുഖ്യവനപാലകനുമായും ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജിയാണോ പുനഃപരിശോധനാ ഹർജിയാണോ നൽകേണ്ടതെന്ന കാര്യം തീരുമാനിക്കും. വനാതിർത്തിക്കുപുറത്ത് ഒരു കിലോമീറ്റർ വരെ സംരക്ഷിതമേഖലയാക്കാമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.

