കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദ്യശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്. കേസിൽ പൾസർ സുനിയുടെ അഭിഭാഷകൻ ദ്യശ്യങ്ങൾ കണ്ടത് 2021 ജൂലൈ 19 ന് കോടതി മുറിക്കുള്ളിൽ വൈകിട്ട് മൂന്ന് മണിക്കാണ്. എന്നാൽ ഉച്ചക്ക് 12.19 മുതൽ 12.54 വരെയുളള സമയത്ത് മെമ്മറി കാർഡ് വിവോ ഫോണിലിട്ട് ദ്യശ്യങ്ങൾ കണ്ടുവെന്നാണെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. അഭിഭാഷകൻ കോടതിയിൽ നൽകിയ മെമ്മോയുടെ പകർപ്പ് പുറത്തായി.
കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്നാണ് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ കോടതിയാവശ്യങ്ങൾക്കായി ദൃശ്യങ്ങൾ മറ്റൊരു പെൻഡ്രൈവിലേക്ക് മാറ്റിയിരുന്നെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് ദൃശ്യങ്ങളുടെ ക്‌ളോൺഡ് കോപ്പി തയ്യാറാക്കിയത്. ഈ പെൻഡ്രൈവ് ഉപയോഗിച്ചാണ് വിസ്താര വേളയിലടക്കം ദൃശ്യങ്ങൾ അടച്ചിട്ട കോടതി മുറിയിൽ പ്രദർശിപ്പിച്ചത്. ഈ പെൻഡ്രൈവിലെ ദൃശ്യങ്ങളാണ് പ്രതികളുടെ അഭിഭാഷകർ പലപ്പോഴായി കണ്ടത്.
2021 ജൂലൈ 19ന് വിചാരണക്കോടതിയുടെ പക്കലിലിരിക്കെ ഈ മെമ്മറി കാർഡ് ഒരു വിവോ ഫോണിലിട്ട് ആരോ കണ്ടിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയാണ് മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി ഈ ദൃശ്യങ്ങൾ പരിശോധിച്ചതും ഇതേ ദിവസം തന്നെയാണ്. എന്നാൽ അന്നേദിവസം വൈകിട്ട് 3 മണിക്ക് ഈ പെൻഡ്രൈവ് കോടതിയിലെ ലാപ് ടോപ്പിൽ ഘടിപ്പിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടതെന്നാണ് പൾസർ സുനിയുടെ അഭിഭാഷകന്റെ വാദം.

