ശ്രീലങ്കയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നു; വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു. രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷമേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതിൽ പ്രതിഷേധിച്ച് പ്രക്ഷോഭകാരികൾ പാർലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

അതേസമയം, പ്രസിഡന്റ് ഗോത്തബയ രജപക്‌സെ രാജിവെക്കില്ലെന്ന് വന്നതോടെയാണ് ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. പ്രസിഡന്റിന്റെ രാജിയല്ലാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ലെന്നും എപ്പോൾ രാജിവെക്കുന്നോ അപ്പോൾ വരെയും പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. പാർലമെന്റ് മന്ദിരത്തിലേക്കും ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ശ്രീലങ്കൻ പ്രസിഡന്റ് മാലിദ്വീപിലേക്ക് കടന്നു. ആദ്യം മാലിദ്വീപിൽ ശ്രീലങ്കൻ പ്രസിഡന്റെ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്റിന്റെ സ്പീക്കർ മജ്‌ലിസും മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതി ലഭിച്ചത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രാജപക്‌സെ മുന്നോട്ട് വച്ചിരുന്നത്.