തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി പരാമർശങ്ങൾ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സാമൂഹ്യ പ്രവർത്തകയായ കുസുമം ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ പരിശോധിക്കും. ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് അധികൃതർ പദ്ധതിയിടുന്നത്.
പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചിട്ടുള്ളത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ ഇക്കാര്യം വ്യക്തമാക്കിയത്.
സാക്ഷികൾ കൂറുമാറിയത് പൊലീസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ്. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തി.
ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണ്. പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. പൾസർ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുൻ ഡിജിപി പറഞ്ഞു.
തന്നോട് ചില നടിമാർ ഇക്കാര്യം പറഞ്ഞിരുന്നു. ഇവരോട് പരാതിപ്പെടാതിരുന്നതിനെതിരെ താൻ ചൂടായെന്നും എന്നാൽ കരിയർ തകർച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റിൽ ചെയ്തതെന്നാണ് നടിമാർ പറഞ്ഞത്. വിശ്വാസ്യത പിടിച്ചുപറ്റി പൾസർ സുനി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ഇതുപോലെ ചിത്രങ്ങൾ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്തതായി അവർ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോൾ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാൽ ഏറ്റവും കൂടുതൽ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റിൽ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ അറിയിച്ചു.

