തിരുവനന്തപുരം: ആർഎസ്എസ് വേദി പങ്കിട്ടെന്ന സിപിഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണം വി എസ് അച്യുതാനന്ദനും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. വിവേകാനന്ദനെ സംബന്ധിച്ച പി പരമേശ്വരന്റെ പുസ്തകം പ്രകാശം ചെയ്ത പരിപാടിയിലാണ് താൻ പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാതൃഭൂമി എം.ഡിയായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത്. വിവേകാനന്ദൻ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണ് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. മഞ്ഞ പത്രത്തെ പോലും അറപ്പിക്കുന്ന ഭാഷയിലാണ് ഇന്ന് ദേശാഭിമാനി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശാഭിമാനി പറഞ്ഞ വാക്കുകൾ വന്ദ്യവയോധികനായ വി.എസിന് കൂടി ബാധകമാകുമെന്ന് അവർ അറിയാതെ പോയി. ബിജെപി നേതാക്കൾ പുറത്തിട്ട ഫോട്ടോകൾക്ക് ഏറ്റവും കൂടുതൽ പ്രചരണം നൽകിയത് സിപിഎമ്മാണ്. ആർഎസ്എസിനെയും സംഘ പരിവാറിനേയും ആക്രമിച്ചാൽ അത് എങ്ങനെയാണ് ഹിന്ദുക്കൾക്ക് എതിരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘപരിവാറിനാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു വർഗീയവാദിയും തന്നെ വിരട്ടാൻ വരണ്ട. ഒരു വർഗീയ വാദിയുടേയും മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സ്വാമി വിവേകാനന്ദന്റെ 150 മത് ജന്മവാർഷികവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് RSS വേദി ആയിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്ചുതാനന്ദൻ 2013 മാർച്ച് 13 ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത അതേ പുസ്തകമാണ് തൃശൂരിൽ ഞാൻ പ്രകാശനം ചെയ്തത്. മാതൃഭൂമി എം.ഡിയായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരമാണ് ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചത്.
വിവേകാനന്ദൻ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണ് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. മഞ്ഞ പത്രത്തെ പോലും അറപ്പിക്കുന്ന ഭാഷയിലാണ് ഇന്ന് ദേശാഭിമാനി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശാഭിമാനി പറഞ്ഞ വാക്കുകൾ വന്ദ്യവയോധികനായ വി.എസിന് കൂടി ബാധകമാകുമെന്ന് അവർ അറിയാതെ പോയി. ബി.ജെ.പി നേതാക്കൾ പുറത്തിട്ട ഫോട്ടോകൾക്ക് ഏറ്റവും കൂടുതൽ പ്രചരണം നൽകിയത് സി.പി.എമ്മാണ്.
RSS നെയും സംഘ പരിവാറിനേയും ആക്രമിച്ചാൽ അത് എങ്ങനെയാണ് ഹിന്ദുക്കൾക്ക് എതിരാകുന്നത്? ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘപരിവാറിനാണോ? ഒരു വർഗീയവാദിയും എന്നെ വിരട്ടാൻ വരണ്ട. ഒരു വർഗീയ വാദിയുടേയും മുന്നിൽ മുട്ടുമടക്കില്ല.

