ഗോള്‍വാള്‍ക്കര്‍ക്കെതിരെയുള്ള പ്രസ്താവന; ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി സതീശന്‍

ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ താന്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നല്‍കിയ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശന്‍. ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു സതീശന്റെ ആക്ഷേപം. എന്നാല്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച നോട്ടീസ് വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ആര്‍എസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമര്‍ശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350-ാം പേജിലാണ് ഇത് സൂചിപ്പിക്കുന്നത്. കോടിയേരി സജി ചെറിയാനെ പുകഴ്ത്തുന്നതല്ലാതെ അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കാന്‍ തയ്യാറാവുന്നില്ല. ഭരണഘടനാ വിരുദ്ധ പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. മൗനമാണ് അദ്ദേഹത്തിന്റെ ആയുധം’- സതീശന്‍ വ്യക്തമാക്കി.

അതേസമയം, പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ ഇല്ലെന്നാണ് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ എവിടെയാണുള്ളതെന്ന് സതീശന്‍ വ്യക്തമാക്കണം. അതിന് കഴിയില്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.