തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള സവാരി’ എന്നു പേരിട്ട ഓണ്‍ലൈന്‍ ടാക്സി പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇതിനായുള്ള മൊബൈല്‍ ആപ് തയ്യാറാക്കി കഴിഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പൈലറ്റ് പദ്ധതി 22ന് ആരംഭിക്കും. മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. 2 മാസത്തെ പ്രവര്‍ത്തനം വിലയിരുത്തി മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ‘സുരക്ഷിതവും തര്‍ക്കങ്ങളില്ലാത്തതുമായ യാത്ര’ എന്നതാണ് ‘കേരള സവാരി’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലേക്ക് പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റടക്കം അപേക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മാത്രമാകും പങ്കാളിത്തം. ഇവര്‍ക്കു പ്രത്യേക പരിശീലനവും നല്‍കും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കിനൊപ്പം 8% സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള തുകയാവും യാത്രക്കാരില്‍ നിന്ന് ഈടാക്കുക.
എന്നാല്‍, മറ്റ് സ്വകാര്യ ഓണ്‍ലൈന്‍ ടാക്സികളെപ്പോലെ തിരക്കനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകില്ല. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്(ഐടിഐ) ആണ് പ്ലാറ്റ്ഫോമിന് സാങ്കേതിക സഹായം നല്‍കുന്നത്. സര്‍വീസ് ചാര്‍ജില്‍ 6% ഐടിഐയ്ക്കും 2% സര്‍ക്കാരിനുമാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൈലറ്റ് പ്രോജക്ടില്‍ ഇതുവരെ 350ല്‍ ഏറെ കാറും ഓട്ടോറിക്ഷകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

