മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; പി സി ജോർജിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: പി സി ജോർജിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ മ്യൂസിയം പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപ്പെടെയാണ് പി സി ജോർജിനെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഐപിസി 509 പ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്.

സോളാർ കേസ് പ്രതി നൽകിയ പീഡന കേസിൽ അറസ്റ്റിലായ പി സി ജോർജ് തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തുവരവെ മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിനിടെയായിരുന്നു അദ്ദേഹം മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്.

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പുറത്തുപറഞ്ഞത് തെറ്റല്ലേ എന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് എന്നാൽ തന്റെ പേര് പറയട്ടെയെന്നായിരുന്നു പി സി ജോർജ് നൽകിയ മറുപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, മൂന്ന് മാസക്കാലം ഇത് തുടരണം തുടങ്ങിയ കർശന വ്യവസ്ഥയിലാണ് പീഡനകേസിൽ പി.സി ജോർജിന് തിരുവനന്തപുരം ഒന്നാംക്‌ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.