കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മുൻ മന്ത്രി കെ ടി ജലീലിനും എതിരായി ആരോപണം ഉന്നയിക്കുന്നത് നിർത്തിയില്ലെങ്കിൽ ജീവൻ അപായപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന ഭീഷണി സന്ദേശങ്ങൾ തനിക്ക് നിരന്തരം ലഭിക്കുന്നതായാണ് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഭീഷണി തെളിവായ കോൾ റെക്കോഡുകളും സ്വപ്ന പുറത്തുവിട്ടു.
താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാമെന്നും വിളിക്കുന്നവർ പേരും അഡ്രസും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നും എത്രത്തോളം സഹായം കിട്ടുമെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
കെ.ടി ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പെരിന്തൽമണ്ണയിൽ നിന്നും വിളിച്ച നൗഫൽ പറഞ്ഞിരുന്നു. മരട് അനീഷ് എന്നയാളും വിളിച്ച് ഭീഷണിപ്പെടുത്തി. ഈ വിവരങ്ങൾ ജനങ്ങൾ അറിയണം എന്നതിനാലാണ് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും സ്വപ്‌ന അറിയിച്ചു. കേന്ദ്ര ഏജൻസി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈം ബ്രാഞ്ചിന്റെ ഗൂഢാലോചന കേസിൽ അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് എത്താനാകാത്തത്. ഇപ്പോൾ നടക്കുന്ന ഇ ഡി അന്വേഷണത്തെ തടസപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്‌ന സുരേഷ് കുറ്റപ്പെടുത്തി.

