മലപ്പുറം: ബിജെപിയ്ക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്നെ അഞ്ചു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ തയ്യാറാകാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. മലപ്പുറം വണ്ടൂരിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബഫർസോൺ വിഷയത്തിൽ യഥാർത്ഥ പ്രശ്‌നങ്ങൾ മറയ്ക്കുന്നതിന് വേണ്ടിയാണ് സിപിഎം തന്റെ ഓഫീസ് തകർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം തന്റെ ഓഫീസ് എത്ര തവണ തകർത്താലും തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം അറിയിച്ചു.
ബഫർ സോൺ സംബന്ധിച്ച വിഷയത്തിൽ പിണറായി വിജയൻ ആശയകുഴപ്പം ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണസംവിധാനങ്ങൾ ബിജെപിയും ആർഎസ്എസും ചേർന്ന് ആക്രമിക്കുകയാണ്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമത്തിലാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സാമൂഹിക ഘടനയെ മാത്രമല്ല സാമ്പത്തിക ഘടനയെയും ആക്രമിക്കുകയാണെന്നും തന്നെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടുമെന്നാണ് ബിജെപി കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

