കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ കോടതി വിധിയിൽ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. നീതിപൂർവമായ വിചാരണ തന്റെ അവകാശമാണെന്നാണ് നടി കോടതിയെ അറിയിച്ചത്. കാർഡിൽ കൃത്രിമം നടന്നോയെന്ന് അറിയണമെന്നും കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതിയുറപ്പാവില്ലെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി.
അതേസമയം, കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നിൽ മറ്റുദ്ദേശങ്ങളുണ്ടാകാമെന്ന് കേസിലെ പ്രതിയായ ദിലീപ് ആരോപിച്ചു. പ്രോസിക്യൂഷൻ ആവശ്യത്തിൽ പുതുതായി ഒന്നുമില്ലെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
അതേസമയം, കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി വിധി പറയാനായി മാറ്റി. കേസിൽ ദിലീപിനെ കക്ഷി ചേർത്തു. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കാത്തത് പ്രോസിക്യൂഷന് ദോഷകരമാകുമെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

