ഓങ് സാന്‍ സൂചിയെ രഹസ്യ ജയിലിലേക്ക് മാറ്റി; വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കാൻ മ്യാൻമർ സൈന്യം

മ്യാൻമർ: മ്യാൻമർ മുൻപ്രധാനമന്ത്രി ഓങ് സാൻ സൂചിയെ വീട്ടുതടങ്കലിൽ നിന്ന് രഹസ്യ ജയിലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. മ്യാൻമറിന്റെ തലസ്ഥാനമായ നയ്പിഡോയിലെ അതീവസുരക്ഷയുള്ള സൈനിക നിർമ്മിത ഏകാന്ത തടവറയിലേക്കാണ് ഓങ്‌സാൻ സൂചിയെ മാറ്റിയതെന്നാണ് വിവരം.

സൂചി എവിടെയാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കാൻ സൈന്യം പദ്ധതിയിടുന്നുണ്ട്. സൂചിയുടെ വിചാരണ രഹസ്യ ജയിലിൽ തന്നെ നടത്താനുള്ള നീക്കവും സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നാണ് വിവരം. വിചാരണയ്ക്കായി സൂചിയെ പുറത്തേക്ക് കൊണ്ടുവരേണ്ടതില്ലെന്നാണ് തീരുമാനിച്ചതെന്ന് സോ മിൻ ടുൺ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പട്ടാള അട്ടിമറിയിലൂടെ സൂചിയുടെ സർക്കാരിന് അധികാരം നഷ്ടമായത്. ഇതിനുപിന്നാലെ സൈന്യത്തിനെതിരായ പ്രവർത്തനങ്ങൾ, കൊവിഡ് മാനദണ്ഡ ലംഘനം, ടെലികമ്യൂണികേഷൻ നിയമലംഘനം എന്നിവയുൾപ്പെടെയുള്ള കേസുകളിൽ ഓങ് സാങ് സൂചിയെ ആറ് വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു.

11 അഴിമതിക്കേസുകളാണ് സൂചിക്കെതിരെയുള്ളത്. ഇതിൽ ആദ്യത്തേതിന്റെ വിധി ഏപ്രിൽ മാസം മ്യാൻമർ കോടതി പുറപ്പെടുവിച്ചിരുന്നു.