ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയുടെ ഗുണങ്ങളെ കുറിച്ചും, എന്തിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും വിവരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രംഗത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് ഡോവല്‍ തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞത്.
അജിത് ഡോവലിന്റെ വാക്കുകള്‍
ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ഗണനയുടെ ഫലമാണ് അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി. ഇന്ത്യയെ എങ്ങനെ ശക്തമാക്കാം എന്നതായിരുന്നു 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ മുന്‍ഗണനകളിലൊന്ന്. രാജ്യസുരക്ഷ എന്നത് സ്ഥായിയായ ഒന്നല്ല അത് ചലനാത്മകമായ ഒരു പ്രക്രിയയാണ്, അഗ്നിപഥിനെ ആ വീക്ഷണത്തില്‍ നോക്കേണ്ടതുണ്ട്. ഹ്രസ്വകാല കരാര്‍ പദ്ധതി ഒരു ഒറ്റപ്പെട്ട ആശയമല്ല. യുദ്ധത്തിന്റെ സ്വഭാവം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമ്ബര്‍ക്കമില്ലാത്ത യുദ്ധങ്ങളിലേക്കാണ് പോകുന്നത്. നാളേക്ക് വേണ്ടി തയ്യാറെടുക്കണമെങ്കില്‍ നമ്മള് മാറണം. അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീരന്മാര് ഒരിക്കലും മുഴുവന്‍ സൈന്യത്തെയും രൂപീകരിക്കില്ല. പതിവായി മാറുന്ന അഗ്നിവീരന്മാര് ഒടുവില്‍ തീവ്രമായ പരിശീലനത്തിന് വിധേയരാകുകയും ഒരു നിശ്ചിത കാലയളവില്‍ അനുഭവം നേടുകയും ചെയ്യും. അഗ്നിപഥിലൂടെ യുവാക്കള്‍ക്ക് രാജ്യത്തെ കാക്കാനുള്ള ആഗ്രഹവും പ്രചോദനവും പ്രതിബദ്ധതയും ഉണ്ടാവും. അഗ്നിപഥ് നടപ്പിലാക്കുന്നതോടെ സൈന്യത്തിലെ റെജിമെന്റുകള്‍ ഇല്ലാതാകും എന്നില്ല. റെജിമെന്റല്‍ സംവിധാനം അവസാനിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോച്ചിംഗ് സെന്ററുകളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിനായി സമഗ്രമായ അന്വേഷണം നടത്തും.

