അഗ്നിപഥ് പദ്ധതി; സൈനിക മേധാവിമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: സൈനിക മേധാവിമാർ ചൊവ്വാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. കര, നാവിക, വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ആശങ്കകളും പരിഷ്‌ക്കാരങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമാകുമെന്നാണ് വിവരം. അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം നേരത്തെഅറിയിച്ചിരുന്നു. പദ്ധതിയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ചില തീരുമാനങ്ങൾ ഇപ്പോൾ ആദ്യം അന്യായമായി തോന്നാമെങ്കിലും അത് ദീർഘകാല അടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോൾ അന്യായമായി തോന്നുന്ന തീരുമാനങ്ങൾ, ആ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള നാല്- അഞ്ച് വർഷം 50,000-60,000 പേർക്കുമായിരിക്കും അഗ്നിപഥ് പദ്ധതിയിൽ നിയമനം ലഭിക്കുന്നത്. പിന്നീട് ഇത് 90,000 മുതൽ 1.25 ലക്ഷമായി വർദ്ധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.