തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികള്‍ പ്രകാരം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി. മുരളീധരന്റെ വാക്കുകള്‍
‘മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകള്‍ ഉണ്ട്. അവിടെയൊന്നും മന്ത്രിമാര്‍ ഇങ്ങനെ ഇടപെടുന്നില്ല. എന്തിനാണ് ഒരു ഭരണ തലവനും, മന്ത്രിമാരും ഈ തരത്തില്‍ ബന്ധം പുലര്‍ത്തിയത്? പുറത്തുവന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. സ്വപ്നയുടെ മൊഴികളില്‍ സംശയം ആണെങ്കില്‍ എന്തിനാണ് ഈ കോണ്‍ഗ്രസുകാരെ അടി കൊള്ളിക്കുന്നത്? പുനര്‍ജനി പദ്ധതിയില്‍ നടക്കുന്ന അന്വേഷണമാകും സര്‍ക്കാരിന് പേടി. വിദേശ പൗരനെ ചോദ്യം ചെയ്യാന്‍ നടപടികളിലേക്ക് പോവുന്നുണ്ട്. അക്കാര്യത്തില്‍ അന്വേഷണം നടക്കും. ആര്‍ക്കും സംശയം വേണ്ട. ഇ. ഡി ഉള്‍പ്പടെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന ഒരു അന്വേഷണത്തിലും സംശയമില്ല. ലൈഫ് മിഷന്‍ സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ലോക കേരള സഭയില്‍ ഞാന്‍ പങ്കെടുക്കില്ല. അഗ്‌നിപഥ് പദ്ധതിയിലെ പ്രതിഷേധം യുവാക്കള്‍ക്ക് ഇടയില്‍ സാമൂഹ്യ വിരുദ്ധര്‍ കടന്നു കൂടിയതിനാലാണ്. ജാഗ്രത പാലിക്കണം. റിക്രൂട്ട്‌മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. അഗ്‌നിപഥ് വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടക്കൂ എന്നു കേന്ദ്രം പറഞ്ഞിട്ടില്ല’- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

