ലോക കേരള സഭയില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല; സന്ദേശം വായിച്ച് മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ ഇന്നത്ത പരിപാടികളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി.രാജീവ് വായിച്ചു. ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

‘പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിട്ടത്. ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത്. പുതിയ കര്‍മ്മ പദ്ധതികള്‍ വേണം. സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങി വരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്.17 ലക്ഷം പ്രവാസികള്‍ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ല’- മുഖ്യമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, ലോക കേരള സഭക്കെതിരെ ആസൂത്രിത ആക്ഷേപം നടക്കുന്നെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. വിമര്‍ശനങ്ങള്‍ അധിക്ഷേപത്തിന്റെ പരിധിയിലേക്ക് എത്തുന്നു. ഭക്ഷണത്തിന്റെ കണക്ക് പോലും ഇത്തരക്കാര്‍ ചോദിക്കുന്നു. പ്രവാസികളില്‍ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്‌നമാണ്. പ്രവാസികള്‍ക്ക് നാം എന്ത് കൊടുക്കുന്നു എന്ന് കൂടി ചിന്തിക്കണം.ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന രീതി ശരിയല്ലെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.