സൗദി അറേബ്യയെ പിന്തള്ളി റഷ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായതോടെ എണ്ണയ്ക്കായി എന്നും ഗള്‍ഫ് രാജ്യങ്ങളെ മാത്രമായി ആശ്രയിക്കേണ്ട എന്ന അവസ്ഥയില്‍ ഇന്ത്യ എത്തി. ഇന്ത്യന്‍ റിഫൈനര്‍മാര്‍ മെയ് മാസത്തില്‍ ഏകദേശം 25 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങി. ഇത് ഇറക്കുമതിയുടെ പതിനാറ് ശതമാനത്തോളം വരും. ഏപ്രിലില്‍ ഇന്ത്യന്‍ എണ്ണ ഇറക്കുമതിയുടെ അഞ്ച് ശതമാനവും റഷ്യയില്‍ നിന്നും എത്തിയതായിരുന്നു. 2021ലും 2022 ലെ ഒന്നാം പാദത്തിലും ഇത് ഒരു ശതമാനത്തില്‍ താഴെയായിരുന്നു എന്നതാണ് ഈ മാറ്റത്തില്‍ ശ്രദ്ധേയമായത്.
അതേസമയം, റഷ്യ-യുക്രൈന് യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് വിലക്കുറവില്‍ റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതോടെ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇറാഖാണ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിലും ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍.
അമേരിക്കയുടെ ഉള്‍പ്പടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ മൊത്തം ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജം വാങ്ങുന്നത് വളരെ കുറവാണെന്ന ന്യായമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. എന്നാല്‍, കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഗള്‍ഫ് മേഖലയ്ക്ക് പുറത്ത് പുതിയ വലിയൊരു സാദ്ധ്യതയാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.

