തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധങ്ങളുടെ വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകന് നേരെ വധഭീഷണി. കണ്ണൂർ മീഡിയയുടെ റിപ്പോർട്ടർ ശിവദാസൻ കരിപ്പാലിന് നേരെയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിൽ നിന്നും വധഭീഷണി ഉയർന്നത്.
മുഖ്യമന്ത്രിക്കെതിരായ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി ശിവദാസന്റെ ഫോണിൽ സന്ദേശം ലഭിച്ചു. ശിവദാസന്റെ വാട്ട്‌സ് ആപ്പിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകൻ അഡ്വ സി സത്യനാണ് ഭീഷണി മുഴക്കിയതെന്ന് ശിവദാസൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
അതേസമയം, സ്വർണക്കടത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ സ്വപ്ന സുരേഷിനുള്ള സുരക്ഷ പൊലീസ് കർശനമാക്കി. സ്വപ്നയുടെ ഫ്‌ളാറ്റിൽ 24 മണിക്കൂർ പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ജീവന് ഭീഷണിയുളളതായി കാണിച്ച് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊലീസ് സ്വപ്നയുടെ വീട്ടിലും ഓഫീസിലും സുരക്ഷ ശക്തമാക്കിയത്.

