സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി കുടിവെള്ള പരിശോധന നടത്തും; നടപടിയുമായി ജലവിഭവ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി കുടിവെള്ള പരിശോധന നടത്തും. കേരള വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുടിവെള്ള പരിശോധന നടത്താൻ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കേരള വാട്ടർ അതോറിറ്റി വർഷത്തിൽ ഒരുതവണ സൗജന്യമായി സ്‌കൂളുകളിൽ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കാനും യോഗത്തിൽ തീരുമാനമായി.

കുടിവെള്ള പരിശോധനയ്ക്കായി വാട്ടർ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സാമ്പിളുകളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ പരിശോധനകളും നടത്തും.

സ്‌കൂളുകൾ ഇപ്പോൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ, കുഴൽക്കിണർ, പൈപ്പ് ലൈൻ സംവിധാനങ്ങളെ തരം തിരിച്ച് മുൻഗണന കണ്ടെത്തി പരിശോധന ഉടൻ ആരംഭിക്കാനാണ് യോഗത്തിൽ ധാരണയായത്.