തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഖാദി ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയ്ക്ക് ഷർട്ട് കൈമാറിയത്. സർക്കാർ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, സഹകരണ ജീവനക്കാർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഖാദി ധരിക്കണമെന്ന നിർദ്ദേശത്തെ തുടർന്നുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പുതുതലമുറയെ ഖാദിയിലേക്ക് ആകർഷിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുമായി സഹകരിച്ച് പുതിയ ഫാഷൻ ഡ്രസുകൾ ഖാദി ബോർഡ് ഉൽപാദിപ്പിക്കുന്നുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. ഈ വർഷം 150 കോടി രൂപയുടെ വസ്ത്ര വിൽപനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിന് ഡിസൈനർമാരുടെ സേവനം ഖാദി ഷോറൂമുകളിൽ ലഭ്യമാണ്. തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിച്ച ഷോറൂമിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടുമാസം കൊണ്ട് 25 ലക്ഷം രൂപയുടെ കച്ചവടം നടത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ഓണം വിപണി ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികൾ ഖാദി ബോർഡ് ഒരുക്കുന്നുണ്ടെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

