ഇടുക്കി: വെള്ളിയാഴ്ച്ച ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്. പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനും എൽഡിഎഫ് തീരുമാനിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി ഉത്തരവ് പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, സുപ്രീം കോടതി ഉത്തരവിൽ പ്രതിഷേധിച്ച് യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 16 ന് ഹർത്താൽ നടത്തുമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഇരുമുന്നണികളും ഉന്നയിക്കുന്ന ആവശ്യം. സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർചുറ്റളവ് പരിസ്ഥിതിലോല മേഖലയായി (ഇ.എ.ഇസെഡ്) നിലനിർത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെയുള്ള വനാതിർത്തികളിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്ക് സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

