തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.
പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച്ച കരിദിനം ആചരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വെള്ളിയാഴ്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടേറ്റ് മാർച്ച് നടത്തും. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചരിത്രത്തിലാദ്യമായാണ് സ്വർണക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച കരിദിനം ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ നാളെ വൈകുന്നേരം കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

