സൂം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ് നാം. ഇതില്‍ തന്നെ പഠനത്തിനായി മാത്രമായിരിക്കും പലരും ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നത്. ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും സൂം ആണ് ഉപയോഗിക്കുന്നത്. എന്നാല്‍, സൂം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നത്.

സൂം ആപ്പിലൂടെ ഫോണിലേക്കും കമ്ബ്യൂട്ടറിലേക്കുമൊക്കെ ഹാക്കര്‍മാര്‍ക്ക് വൈറസിനെ കടത്തിവിടാന്‍ സാധിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു മെസേജ് മാത്രം ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ വൈറസിനെ ഉപയോക്താവിന്റെ ഡിവൈസിലേക്ക് കയറ്റിവിടുന്നത്. സാധാരണ ഇത്തരം സന്ദേശങ്ങളില്‍ നാം ക്ലിക്ക് ചെയ്യുമ്‌ബോള്‍ മാത്രമേ വൈറസ് ആക്ടിവേറ്റ് ആവുകയുള്ളു. എന്നാല്‍ സൂമിന്റെ കാര്യത്തില്‍ ഉപയോക്താവ് ഈ മെസേജില്‍ യാതൊന്നും ചെയ്യേണ്ടതില്ല. മെസേജ് ഉപകരണത്തിലേക്ക് വന്നാല്‍ മാത്രം മതിയാകും. അതിനാല്‍ ഇത് ഉയര്‍ത്തുന്ന ഭീഷണിയും വലുതാണ്. ഈ വാര്‍ത്ത സൂം അധികൃതര്‍ അംഗീകരിച്ചിട്ടുമുണ്ട്. സൂമിന്റെ 5.10.0 ന് മുമ്ബുള്ള പതിപ്പുകളിലാണ് ഈ ഭീഷണി നിലനില്‍ക്കുന്നത്. വലിയ മീറ്റുംഗുകളിലേക്ക് കയറാനായി അനുമതി ചോദിക്കുന്ന ഒരു കൂട്ടം ഉപയോക്താക്കളുടെ കൂടെയാണ് ഹാക്കറും മീറ്റിംഗിലേക്ക് കയറുന്നത്. പലപ്പോഴും ഇവരും മീറ്റിംഗിന്റെ ഭാഗമാണെന്ന് കരുതി ഹോസ്റ്റായ വ്യക്തി ഇവരെയും മീറ്റിംലേക്ക് പ്രവേശിക്കാന്‍ ആനുമതി നല്‍കും. ഹോസ്റ്റിന്റെ അനുമതിയോടെ മീറ്റിംഗിലേക്ക് കയറുന്ന ഹാക്കര്‍ ചാറ്റ് ബോക്‌സിലേക്ക് എക്‌സ് എം പി പി പ്രോട്ടോക്കോള്‍ വഴി സാധാരണ പോലെ ഒരു സന്ദേശം അയക്കുന്നു. ഈ സന്ദേശത്തിനുള്ളിലാണ് വൈറസിനെ ഒളിപ്പിച്ചിരിക്കുന്നത്.

മെസേജിലെ കോഡിനുള്ളിലെ ഈ വൈറസിനെ ആരും ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. അതിനാല്‍ വൈറസ് സ്വയം ഉപയോക്താക്കളുടെ ഉപകരണത്തിലേക്ക് കയറുകയും ആക്രമണം നടത്തുകയും ചെയ്യും. നിരപരാധികളായ ഉപയോക്താക്കളെ ടാര്‍ഗെറ്റ് ചെയ്യുന്നതിനും ഇരയുടെ ഉപകരണത്തില്‍ വൈറസ് കോഡുകള്‍ സ്ഥാപിക്കുന്നതിനുമായി പ്രത്യേക രീതിയിലാണ് ഈ സന്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ വൈറസുകള്‍ക്ക് ആന്‍ഡ്രോയ്ഡ്, ഐ ഒ എസ്, വിന്‍ഡോസ് എന്നീ ഒ എസുകളില്‍ അനായാസമായി ആക്രമണം നടത്താന്‍ കഴിയും. ഗൂഗിളിന്റെ പ്രൊജക്റ്റ് സീറോ ബഗ് ഹണ്ടറായ ഇവാന്‍ ഫ്രാട്രിക് ആണ് ഈ സുരക്ഷാ പഴുത് കണ്ടെത്തിയത്. പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തുകൊണ്ട് മാത്രമേ ഈ വൈറസ് ഭീഷണിയെ നമുക്ക് ചെറുക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ എല്ലാ ഉപയോക്താക്കളും സൂമിന്റെ വെര്‍ഷന്‍ 5.10.0 എന്ന പതിപ്പിലേക്കാണ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് കമ്ബനി ആവശ്യപ്പെടുന്നത്.