കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി തേടി ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് നടി ആരോപിക്കുന്നു.
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തിരക്കിട്ട് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചത്. കേസിന്റെ തുടക്കത്തിൽ നീതിപൂർവമായ അന്വേഷണമാണ് നടന്നത്. എന്നാൽ തുടരന്വേഷണത്തിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായി. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള തീരുമാനമുണ്ടായതോടെയാണ് ഉന്നത ഇടപെടലുണ്ടായതെന്നും ആക്രമിക്കപ്പെട്ട നടി അറിയിച്ചു.
ഇനിയും നിരവധി ഫോറൻസിക് തെളിവുകൾ പരിശോധിക്കാനുണ്ട്. ഇതു കൂടി വിശദമായി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകണമെന്നും നടി ആവശ്യപ്പെടുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ അന്വേഷണം മരവിച്ച മട്ടിലായി. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചു. ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും താരം ആരോപിക്കുന്നു.

