പോര് മുറുകുന്നു; ബിശ്വാസ് മേത്തക്കെതിരെ പരാതിയുമായി സിപിഎം അംഗങ്ങള്‍

തിരുവനന്തപുരം: നിങ്ങളെല്ലാം രാഷ്ട്രീയ നിയമനമാണെന്നും ഞാന്‍ മാത്രമാണ് ഐ.എ.എസ് ഉദ്യോസ്ഥനെന്നും പറഞ്ഞ് മുഖ്യവിവരാവകാശ കമ്മീഷണര്‍ ബിശ്വാസ് മേത്ത കമ്മീഷണര്‍മാര്‍ക്ക് മൂക്ക്കയറിടാനുള്ള ശ്രമം നടത്തുന്നത് പതിവായതോടെ സിപിഎം അംഗങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ പരാതിയുമായി എത്തിക്കഴിഞ്ഞു. അടുത്തിടെ ചേര്‍ത്ത കമ്മീഷന്‍ യോഗത്തില്‍ ബിശ്വാസ് മേത്ത കമ്മീഷണര്‍മാര്‍ ഇനി മുതല്‍ മറ്റു ജില്ലകളില്‍ സിറ്റിംഗിനായി പോകുന്നതിന് മുമ്ബ് തന്റെ അനുമതി വാങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്മീഷനെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തവന്നാല്‍ കമ്മീഷന്‍ അംഗങ്ങളെ ഓരോരുത്തരെയായി തന്റെ മുറിയില്‍ വിളിച്ചുവരുത്തി ഭീഷണിയുടെ സ്വരത്തില്‍ മേത്ത സംസാരിക്കാറുണ്ടെന്നും കമ്മീഷണര്‍മാര്‍ പാര്‍ട്ടിയോട് പരാതിപ്പെട്ടതായാണ് സൂചന.

അതേസമയം, എല്ലാവരും തുല്യരാണൈന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കും മറ്റ് കമ്മീഷണര്‍മാര്‍ക്കും സ്വതന്ത്ര അധികാരമാണുള്ളതെന്നും കമ്മീഷണര്‍മാര്‍ ചൂണ്ടിക്കാട്ടി. ഈ സ്ഥിതി തുടര്‍ന്നാല്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്മീഷണര്‍മാര്‍ പാര്‍ട്ടിയെ സമീപിച്ചത്. ഇതു കൂടാതെ പല അംഗങ്ങളും വ്യക്തിപരമായി ഉന്നതനേതാക്കളെ കണ്ടും ബിശ്വാസ് മേത്തയുടെ നടപടികള്‍ വിശദീകരിച്ചു. എന്നാല്‍, ചില അംഗങ്ങള്‍ തമ്മിലും കൂട്ടുത്തരവാദിത്വമില്ലാത്ത സ്ഥിതിയാണ്. വിവരാവകാശ നിയം സംരക്ഷിക്കാനെന്ന പേരില്‍ സാധാരണക്കാരന്റെ നികുതി പണത്തില്‍ നിന്നും കോടികള്‍ ചെലവിട്ടാണ് വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം.

മുഖ്യവിവരാവകാശ കമ്മീഷണര്‍ ബിശ്വാസ്‌മേത്തയ്ക്ക് 187875, ഡോ. കെ.എല്‍ വിവേകാനന്ദന്‍ 288149,എസ്.സോമനാഥപിള്ള 301190, കെ.വി.സുധാകരന് 335250, പി.ആര്‍.ശ്രീലതയ്ക്ക് 271715, എച്ച്.രാജീവന് 335250 എന്നിങ്ങനെയാണ് എല്ലാ ആനുകൂല്യവും ഉള്‍പ്പെടെ പ്രതിമാസം ലഭിക്കുന്നത്. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറുമാസത്തിനുള്ളില്‍ മുഖ്യ വിവരാകവാശ കമ്മീഷണറും അഞ്ച് വിവരാവകാശ കമ്മീഷണര്‍മാരും ഡിഎ വീട്ടുവാടക ഇനത്തില്‍ കൈപ്പറ്റിയത് 2,80,25880.വിവരാവകാശ കമ്മീഷനില്‍ 9 സ്ഥിരം ജീവനക്കാരും കമ്മീഷന്‍ നേരിട്ട് നിയമിച്ച 40 താല്‍കാലിക ജീവനക്കാരുമുണ്ട്. സ്ഥിര ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും ശമ്ബളം ഇനത്തിലും ഓഫീസ് ചെലവുകള്‍ക്കുമായി 2021- 22 സാമ്ബത്തിക വര്‍ഷം 5,68,7051 രൂപ അനുവദിച്ചിട്ടുണ്ട്.