തിരുവനന്തപുരം: കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പദ്ധതി ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ലാ കളക്ടർ നവജ്യോത് ഖോസയെ പദ്ധതി നോഡൽ ഓഫീസറായി നിയമിക്കുകയും ചെയ്തു.
കോവളം ബീച്ചിൽ എല്ലാ മേഖലകളിലും വിനോദ സഞ്ചാരികൾക്ക് എത്താനാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളായിരിക്കും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. ബീച്ചും പരിസരവും കൂടുതൽ സൗന്ദര്യവത്ക്കരിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുമെന്നും വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തിൽ തയ്യാറാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കൽ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ജൂലൈ മാസത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കും. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതൽ സ്ഥല സൗകര്യങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ ഭൂമി ലഭ്യമാക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതരുമായി ചർച്ച നടത്തും. വികസന സാധ്യതയുള്ള അടിമലത്തുറ ബീച്ചിന്റെ വികസനവും ഇതിന്റെ ഭാഗമായി നടത്തും. ഇവിടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നും കോവളത്തെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികൾ നടപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ നിലനിൽക്കുന്ന തരത്തിൽ പദ്ധതികൾ നടപ്പാക്കണമെന്നും അന്താരാഷ്ട്രാ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള നിലവാരം ഉയർത്താൻ കഴിയുന്ന തരത്തിലുള്ള ഡിസൈൻ വേണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.

