വിദ്വേഷ പ്രസംഗം; പി സി ജോർജിനായി അന്വേഷണം തുടർന്ന് പോലീസ്

കൊച്ചി: പി സി ജോർജിനായി അന്വേഷണം തുടർന്ന് പോലീസ്. പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് പി സി ജോർജ് ഒളിവിൽ പോയത്. പി സി ജോർജിന്റെ ഗൺമാനിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തി പൊലീസ് അന്വേഷണം നടത്തിയെങ്കിലും അദ്ദേഹം അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം ആരംഭിച്ചത്. മുൻജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെ പി സി ജോർജ് ഒളിവിൽ പോകുകയായിരുന്നു. പി സി ജോർജ് പോകാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷം നടത്തുന്നുണ്ട്.

അതേസമയം, ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് നാളെ ഹൈക്കോടതിയെ സമീപിക്കും. മതവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു പി സി ജോർജിനെതിരെ രജിസ്റ്റർ ചെയ്ത കേസ്.