മഴക്കാല കെടുതി നേരിടാന്‍ ജലവകുപ്പിന് 6.60 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല കെടുതികള്‍ നേരിടുന്നതിനുള്ള അടിയന്തര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ചെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇറിഗേഷന്‍ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതവും, കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതവും അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.

കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്കും മണ്‍സൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20 ലക്ഷം അനുവദിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പക്കല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് – മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കായി മറ്റു ഫണ്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ഈ ഫണ്ട് വിനിയോഗിക്കാന്‍ അനുമതിയുള്ളത്. തീരപ്രദേശങ്ങളില്‍ അടിയന്തര പ്രവര്‍ത്തികള്‍ക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാവൂ എന്നും മന്ത്രി കര്‍ശന നര്‍ദ്ദേശം നല്‍കി. പ്രവൃത്തികളുടെ വീഡിയോ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ വേണമെന്നും നിര്‍ദ്ദേശമുണ്ട്. സാഹചര്യം പരിഗണിച്ച് ഷോര്‍ട്ട് ടെന്‍ഡറിംഗിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ കരാര്‍ നല്‍കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മണ്‍സൂണ്‍ തീരുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന സ്റ്റേറ്റ്മെന്റ് ഐ ആന്‍ഡ് എ ചീഫ് എഞ്ചിനിയര്‍ക്ക് സമര്‍പ്പിക്കണം. ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാമെന്നും നിര്‍ദ്ദേശിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടലാക്രമണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജലവിഭവ വകുപ്പിലെ 24 എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്‍സുണുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.