ബിവ്‌റേജസ് കോർപറേഷനിൽ ബയോമെട്രിക് പഞ്ചിങ്; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: ബിവ്‌റേജസ് കോർപറേഷനിൽ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കി. ബയോമെട്രിക് പഞ്ചിങ് ആദ്യഘട്ടത്തിൽ കോർപറേഷന്റെ ആസ്ഥാന മന്ദിരത്തിലാണ് നടപ്പിലാക്കിയത്. 270 ഷോപ്പുകളിലും 23 വെയർഹൗസുകളിലും മെഷീൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും ഡ്യൂട്ടി സമയം. 300 മിനിറ്റ് ഒരു മാസത്തിൽ ഗ്രേസ് ടൈം എടുക്കാം. ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ ഉപയോഗിക്കാവൂവെന്നാണ് ഉത്തരവ്. 300 മിനിറ്റിൽ അധികമായാൽ അനുവദനീയമായ ലീവ് ആയോ ഹാജരില്ലായ്മ ആയോ കണക്കാക്കും. ഹാഫ് ഡേയ്ക്കു പകരം ഗ്രേസ് ടൈം അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു.

ഓരോ ജീവനക്കാരനും അവധിയെടുത്തതിന്റെ വിവരങ്ങൾ കൃത്യസമയത്ത് ഹാജർ വിഭാഗത്തെ അറിയിക്കണം. പഞ്ചിങ് സമയം പത്തിനും അഞ്ചിനും മധ്യേ അണെങ്കിൽ അന്ന് പകുതി ഹാജർ ആയി പരിഗണിക്കും. അതേസമയം, ബയോമെട്രിക് സംവിധാനത്തിൽ ഹാജർ രേഖപ്പെടുത്താൻ കഴിയാതെ വന്നാൽ അതിനുള്ള അപേക്ഷ പൂരിപ്പിച്ച് മേലധികാരി വഴി ബന്ധപ്പെട്ട സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. നിർദേശങ്ങൾ പാലിക്കാത്തവരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.