കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് അത്താഴ വിരുന്ന് നൽകി ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. കൊൽക്കത്തയിലെ വീട്ടിലാണ് അമിത് ഷായ്ക്ക് വേണ്ടി ഗാംഗുലി അത്താഴവിരുന്നൊരുക്കിയത്. അമിത് ഷായ്ക്ക് സസ്യവിഭവങ്ങൾ മാത്രമാണ് തയ്യാറാക്കിയിരുന്നതെന്ന് ഗാംഗുലി വ്യക്തമാക്കി. അത്താഴത്തിനുള്ള തന്റെ ക്ഷണം ആഭ്യന്തരമന്ത്രി സ്വീകരിച്ചെന്നും 2008 മുതൽ തനിക്ക് അമിത് ഷായെ പരിചയമുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അമിത് ഷായുടെ വരവിനോടനുബന്ധിച്ച് ഒട്ടേറെ ബിജെപി പ്രവർത്തകർ ഗാംഗുലിയുടെ വീട്ടിലേക്കുള്ള വഴിയിൽ കാത്തു നിന്നിരുന്നു. ഇവരെയെല്ലാം അഭിവാദ്യം ചെയ്താണ് അദ്ദേഹം ഗാംഗുലിയുടെ വീട്ടിലേക്ക് എത്തിയത്. വെള്ള നിറമുള്ള എസ്യുവിയിൽ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
അതേസമയം, കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ‘മുക്തി-മാത്രിക’ എന്ന സാംസ്കാരിക പരിപാടിയിലും അമിത് ഷാ പങ്കെടുത്തിരുന്നു. പരിപാടിയിൽ ഒഡീസി നർത്തകിയും സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലിയുടെ നൃത്ത ട്രൂപ്പായ ദിക്ഷ മഞ്ജരിയുടെയും നൃത്തവും പരിപാടിയിൽ അവതരിപ്പിച്ചു.

