തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെ പരസ്പരം മാറ്റിയതിൽ പരാതിയുമായി യുഡിഎഫ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളത്തെയും കോഴിക്കോട്ടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെ പരസ്പരം മാറ്റിയതിൽ പരാതിയുമായി യുഡിഎഫ്. വിഷയത്തിൽ പരാതിയുമായി യുഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു. 2011 ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെയാണ് എറണാകുളത്തെ പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചിരിക്കുന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് യുഡിഎഫിന് വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

ഇയാൾ ഭരണാനുകൂല സർവീസ് സംഘടനാ നേതാവും ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധങ്ങളുമുള്ള വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നുണ്ട്. നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം ഒരു കാരണവശാലും താൻ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകില്ലെന്ന് പി സി ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിച്ചത് സ്ഥാനാർത്ഥിയാകാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.