കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്കണമെന്നുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ബി.പി.സി.എല്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കമ്പനികള്‍ കൂടിയ വില ഈടാക്കുന്നത്. ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനു വേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നാണ് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയത്. ഈ ഉത്തരവാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് 4 ലക്ഷം ലിറ്റര്‍ ഡീസല്‍ ആണ് പ്രതിദിനം വേണ്ടത്. ഇതിനാല്‍ ഓയില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലാണ് ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കൂടുതല്‍ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി കെഎസ്ആര്‍ടിസി. നേരത്തേ വിപണി വിലയെക്കാള്‍ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആര്‍ടിസിക്ക് ഡിസ്കൗണ്ട് നല്‍കിയിരുന്നത്. ബള്‍ക്ക് പര്‍ച്ചേസില്‍ മാറ്റം വന്നതോടെ 1 ലീറ്റര്‍ ഡീസലിന് വിപണി വിലയേക്കാള്‍ 27 രൂപ അധികം നല്‍കണം.

