കൊച്ചി: കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.
കാസർഗോഡ് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരണമടയുകയും നിരവധിപേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നടപടി. കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം ഷവർമ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് മരണപ്പെട്ടത്. ഭക്ഷ്യവിഷ ബാധയെ തുടർന്ന് മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് കുട്ടികൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പലപ്പോഴും ഷവർമയ്ക്കുപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവർമയിൽ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പൂർണമായും ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഷവർമ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വയ്ക്കാൻ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂർണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും വീണാ ജോർജ് അറിയിച്ചിരുന്നു.

