തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ സമരം ആരംഭിച്ച് സർക്കാർ ഡോക്ടർമാർ. സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത എന്നിവ ഉന്നയിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്‌കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയാണ് കാണിച്ചത്. ഇതിനിതെരെ ഡോക്ടർമാർ നടത്തിയ പ്രതിഷേധ സമരങ്ങൾക്ക് ശേഷം ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്‌ന പരിഹാരത്തിനുള്ള ഉറപ്പുകൾ കെജിഎംഒഎക്ക് രേഖാമൂലം നൽകിയിരുന്നു. പിന്നീട് ഡോക്ടർമാർ സമരം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചത്.
ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ചും, റൂറൽ – ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകുമെന്നായിരുന്നു സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയ ഉറപ്പ്. എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്‌സണൽ പേ വിഷയത്തിൽ ഉണ്ടായ നഷ്ടവും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണെന്നും ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ നാളിതുവരെയായും ഈ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കെജിഎംഒഎ ആരോപിക്കുന്നു. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് കൊവിഡ് പ്രതിരോധ ചികിത്സ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോയ ആരോഗ്യവകുപ്പ് ഡോക്ടർമാരോടുണ്ടായ ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ഇതിനെതിരെ പ്രതിഷേധം പുനരാരംഭിക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് കെജിഎംഒഎ വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി കെജിഎംഒഎ അംഗങ്ങൾ എല്ലാവിധ അവലോകന (ഓൺലൈനും, ഫിസിക്കലും) യോഗങ്ങളും എല്ലാവിധ ട്രെയിനിംഗുകളും ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇ സഞ്ജീവനിയിൽ നിന്ന് വിട്ട് നിൽക്കും. വി ഐ പി ഡ്യൂട്ടികൾ ബഹിഷ്‌കരിക്കും. സ്ഥാപനങ്ങൾക്ക് പുറത്തുള്ള ക്യാമ്പുകൾ, മേളകൾ തുടങ്ങിയവയിൽ പങ്കെടുക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കിയിട്ടുണ്ട്.

