തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോർജിനെ കാണാൻ വേണ്ടി നന്ദാവനം എ.ആർ. ക്യാമ്പിലെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് പ്രവേശനാനുമതി നിഷേധിച്ചു. കന്റോൺമെന്റ് എ.സി. നേരിട്ടെത്തിയാണ് വി മുരളീധരന് പ്രവേശനാനുമതി നിഷേധിച്ച വിവരം അറിയിച്ചത്.
പി സി ജോർജ് തീവ്രവാദിയല്ലെന്ന് വി മുരളീധരൻ പറഞ്ഞു. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം പിസി ജോർജിനെ ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. മനുഷ്യനെ അരിഞ്ഞു തള്ളുന്ന തീവ്രവാദികൾക്ക് ഒളിക്കാൻ കേരളത്തിൽ അവസരമുണ്ടല്ലോയെന്നും വി മുരളീധരൻ ചോദിച്ചു.
പി സി ജോർജിന്റെ അറസ്റ്റിൽ സർക്കാർ കാണിക്കുന്നത് ഇരട്ടനീതിയാണ്. ഇത് ഇരട്ടനീതിയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. ഇതിനൊന്നും കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്ന് സർക്കാരും മാർകിസ്റ്റ് പാർട്ടിയും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ നാട് അഭിപ്രായസ്വാതന്ത്ര്യമുള്ള നാടാണ്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനടക്കം സ്വാതന്ത്ര്യം നൽകണമെന്ന് പറയുന്നവരാണ് സി.പി.എമ്മുകാർ. പി.സി. ജോർജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞുതള്ളിയവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത തിടുക്കം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ എന്തിന് കാണിക്കുന്നു. പാലക്കാട്ട് ഇസ്ലാമിക ഭീകരവാദികൾ അരിഞ്ഞുതള്ളിയ ശ്രീനിവാസന്റെ കേസിൽ കൊലപാതകികളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
യൂത്ത് ലീഗിന്റെ പരാതിയിലാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും. ബിജെപിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനുമില്ല, പറയാനുമില്ല. ഒരുവശത്ത് കേന്ദ്രമന്ത്രിക്ക് പോലും എ.ആർ. ക്യാമ്പിലേക്ക് പ്രവേശനം നിഷേധിക്കുന്നു മറുവശത്ത് യൂത്ത് ലീഗ് പരാതി കൊടുത്താൽ ആരെയും പിടിച്ച് അകത്തിടുന്ന അവസ്ഥ. ഇതാണോ കേരളത്തിലെ അഭിപ്രായ സ്വാതന്ത്ര്യം, ഇതാണോ ജനാധിപത്യമെന്നും അദ്ദേഹം വിമർശിച്ചു.

