തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിൽ കുറ്റികൾക്ക് കാവൽ നിൽക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്ന പരാമർശത്തിനെതിരെയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. സിൽവർ ലൈൻ കുറ്റികൾ പിഴുതെറിയാൻ അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരും തങ്ങൾക്കൊപ്പമുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹം അവരെ ആദ്യം ബോധ്യപ്പെടുത്തട്ടേയെന്നും അദ്ദേഹം അറിയിച്ചു.
സിൽവർ ലൈൻ വിരുദ്ധ സമരത്തിന് എതിരെ കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. ജനം അണിനിരന്ന് കെ റെയിൽ കല്ല് സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്നായിരുന്നു കാനം പറഞ്ഞത്. സമരക്കാർക്ക് എതിരെയുള്ള പൊലീസ് നടപടിയെയും സിപിഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പൊലീസ് ആണ് കേരളത്തിലുള്ളതെന്നും കാനം ചോദിച്ചിരുന്നു. ഇതിനെതിരെയാണ് വി ഡി സതീശൻ രംഗത്തെത്തിയത്.
സിൽവർ ലൈൻ പദ്ധതിയിൽ വീടും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ ഫലമായി വിപണിവിലയുടെ എത്രയോ ഇരട്ടി നഷ്ടപരിഹാരമായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

